
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ കാരണങ്ങൾ പാർട്ടി വിശദമായി പരിശോധിച്ചുവരുന്നതിനിടെ സിപിഎം നേതൃത്വത്തിനെതിരെ ആത്മവിമർശനവുമായി കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. കേരളത്തിൽ 10 വർഷം അധികാരത്തിലിരുന്നതോടെ പാർട്ടി പ്രവർത്തകരിൽ അഹങ്കാരവും ജനങ്ങളിൽനിന്നുള്ള അകൽച്ചയും വർധിച്ചുവെന്നതാണ് പ്രധാന വീഴ്ചകളിലൊന്നെന്ന് അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ പള്ളിക്കുന്ന് പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി ഓഫിസിന്റെ ശിലാസ്ഥാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു തോമസ് ഐസക്.
സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളും തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന് പുറമെ ബിജെപി–സിപിഎം ധാരണയുണ്ടെന്ന പ്രതിപക്ഷ പ്രചാരണവും ജനങ്ങൾക്കിടയിൽ സ്വാധീനം ചെലുത്തിയതായി ഐസക് പറഞ്ഞു. തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ കാരണങ്ങൾ കൃത്യമായി വിലയിരുത്തി ആവശ്യമായ തിരുത്തലുകൾ വരുത്തേണ്ടതുണ്ടെന്ന സൂചനയും അദ്ദേഹത്തിന്റെ പ്രസംഗത്തിലുണ്ടായിരുന്നു.
തോമസ് ഐസക്കിന്റെ വാക്കുകൾ ഇങ്ങനെ:
‘‘സഹകരണ ബാങ്കുകളിലെ അഴിമതി തിരഞ്ഞെടുപ്പിൽ തിരിച്ചടിയായി. ഇതിനൊപ്പം ബിജെപി–സിപിഎം ഡീലുണ്ടെന്ന എതിരാളികളുടെ പ്രചാരണം ജനം വിശ്വസിച്ചു. നമ്മുടെ ചില വർത്തമാനങ്ങൾ ഈ പ്രചാരണത്തിനു സഹായമായി’.
‘‘പാർട്ടിയിൽനിന്ന് ആരെങ്കിലും പോയാൽ സൗകര്യം എന്നാണ് ഇപ്പോൾ കരുതുന്നത്, കാരണം അയാളുടെ ചോദ്യങ്ങൾക്ക് ഇനി മറുപടി വേണ്ടല്ലോ. നമ്മളും ബിജെപിയും ഡീലാണെന്ന കാര്യം ജനങ്ങൾ വിശ്വസിച്ചു. അതു പറഞ്ഞാണ് നമ്മുടെ വോട്ട് തട്ടിയെടുത്തത്. മുൻകാലങ്ങളിൽ ഉണ്ടായതിനെക്കാൾ വലിയ തിരിച്ചടി അഭിമുഖീകരിക്കുന്ന കാലമാണ് ഇത്. 2029 ലെ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വീണ്ടും ജയിക്കും. ജനം നമ്മളെ എഴുതിത്തള്ളിയിട്ടില്ല’’.
പണ്ടത്തെ കാലമല്ല, ഇപ്പോൾ പ്രസംഗിക്കുന്നതുപോലും ആരെങ്കിലും ഫോൺ വച്ച് ടേപ്പ് (റെക്കോർഡ്) ചെയ്യാം. ടേപ്പ് ചെയ്യുന്നവരെ കാണാത്തതുകൊണ്ടാണു താൻ ഇത്രയും പറയുന്നത്. അല്ലെങ്കിൽ പറയില്ല’’.










